ന്യൂഡൽഹി: പിപിഇ കിറ്റുകൾ, മാസ്ക്, സാനിറ്റൈസറുകൾ തുടങ്ങിയ മെഡിക്കൽ ഉത്പന്നങ്ങളുടെ കയറ്റുമതിക്കേർപ്പെടുത്തിയ നിരോധനം പിൻവലിച്ചതായി കേന്ദ്രസർക്കാർ. കേന്ദ്ര വാണിജ്യ-വ്യവസായ വകുപ്പ് മന്ത്രി പീയുഷ് ഗോയലാണ് ഇക്കാര്യം അറിയിച്ചത്.
ഫേസ്ഷീൽഡ്, മാസ്ക്, സാനിറ്റൈസർ, പിപിഇ കിറ്റ്, ഹൈഡ്രോക്സിക്ലോറോക്വിൻ ഗുളികകൾ ഉൾപ്പെടെ 13ഓളം മരുന്നുകൾ, വെന്റിലേറ്ററുകൾ തുടങ്ങിയവയുടെ കയറ്റുമതിക്കേർപ്പെടുത്തിയ നിരോധനം പിൻവലിച്ചതായാണ് മന്ത്രി വ്യക്തമാക്കിയത്.
അതേസമയം പരിശോധന കിറ്റുകൾ, എൻ-95, എഫ്എഫ്പി2 മാസ്കുകൾ എന്നിവയുടെ കയറ്റുമതിക്ക് അനുമതി നൽകിയിട്ടുണ്ടെങ്കിലും അളവ് നിയന്ത്രിക്കും. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ആഭ്യന്തര ആവശ്യങ്ങൾ പൂർത്തിയാക്കുന്നതിനായാണ് ഉത്പന്നങ്ങളുടെ കയറ്റുമതിക്ക് നിയന്ത്രണമേർപ്പെടുത്തിയത്.